കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി

"കാരുണ്യ ഹസ്‌തം കുടുംബ സുരക്ഷാ & പെൻഷൻ പദ്ധതി"


(അപേക്ഷാ ഫോറത്തിൽ നൽകിയ സംക്ഷിപ്‌ത നിയമാവലിയുടെ വിശദമായ രൂപവും അനുബന്ധ മാർഗ നിർദേശങ്ങളും )

ഉദ്ദേശ ലക്ഷ്യങ്ങൾ :

ആകസ്മിക മരണത്തിനു വിധേയരാവുന്ന പ്രവാസിയുടെ കുടുംബത്തിനു ഒരു കൈത്താങ്ങ്, മാരകമായ രോഗങ്ങൾക്കും ജോലി ചെയ്ത് ജീവിക്കാവാനാത്ത വിധം അപകടത്തിന് വശംവദരാവുന്ന പ്രവാസികൾക്ക് ചികിത്സാ സഹായം, പ്രവാസം നിർത്തി നാട്ടിൽ നിത്യ വൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന മുൻ പ്രവാസി സുഹൃത്തുക്കൾക്ക് പെൻഷൻ സഹായം എന്നിവ ലക്ഷ്യമാക്കി അംഗങ്ങള്‍ സന്തോഷത്തോടെ തരുന്ന (പ്രീമിയം) സംഭാവനയായി സ്വരൂപിച്ചു, ജിദ്ദയിലെ പ്രവാസികൾക്ക് ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി കഴിഞ്ഞ 𝟷𝟷 വർഷമായി നടപ്പാക്കുന്ന ജീവ കാരുണ്യ പ്രവർത്തനം.


പദ്ധതിയിൽ അംഗത്വം ?

ജിദ്ദയിൽ ഇഖാമ സഹിതം നിയമാനുസൃതം ജോലി നോക്കുന്ന കെ.എം.സി.സി. പ്രവർത്തകർക്കും അനുഭാവികൾക്കും , തീവ്രവാദമോ വര്‍ഗീയതയോ പ്രോത്സാഹിപ്പിക്കാത്ത കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള മുസ്ലിം ലീഗ് പ്രസ്ഥാനത്തോട് ശത്രുത പുലർത്താത്ത ഏതൊരു കേരളീയനും പദ്ധതിയിൽ അംഗമാവാവുന്നതാണ്. ജിദ്ദ കെ.എം.സി.സി.യുടെ കീഴ് ഘടകങ്ങളായ ഏരിയ, ജില്ല, മണ്ഡലം, പഞ്ചായത്ത് എന്നീ ഏതെങ്കിലും ഒരു കമ്മിറ്റികളുടെ ശുപാർശ പ്രകാരം കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി "കാരുണ്യ ഹസ്‌തം കുടുംബ സുരക്ഷാ പദ്ധതി" യുടെ നിയമാവലി വായിച്ചു ബോധ്യപ്പെട്ടു അംഗീകരിക്കുന്നവര്‍ അതാത് വര്‍ഷത്തെ അപേക്ഷാ ഫോറത്തിലോ ഓൺലൈൻ ആയോ കോർഡിനേറ്റർമാർ മുഖേന അപേക്ഷ നൽകേണ്ടതാണ് . ഒരാൾക്ക് 60 റിയാൽ (50 സുരക്ഷാ പദ്ധതി അംഗത്വം +10 റിയാൽ ഈ 2021 വർഷം മുതൽ തുടങ്ങുന്ന പെൻഷൻ പദ്ധതിയിലേക്ക്), കുടുംബിനിയെ ചേർക്കുന്നതിന് മറ്റൊരുഫോം കൂടി പൂരിപ്പിച്ചു 𝟻𝟶 റിയാൽ കൂടി നൽകിയാണ് അപേക്ഷിക്കേണ്ടത്. മുൻപ്രവാസികൾക്ക് കുടുംബിനികളുടെ അംഗത്വം പുതുക്കാൻ അനുവദനീയമല്ല. നിയമാവലിയില്‍ നിഷ്കര്‍ശിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പദ്ധതി അംഗങ്ങള്‍ പൂര്‍ണ്ണ സമ്മതത്തോടെ നല്‍കുന്ന സംഭാവനയായിരിക്കും ഈ വിഹിതം. എല്ലാവർഷവും 𝟹𝟷 ഡിസംബർ വരെയാണ് പദ്ധതിയുടെ കാലാവധി, ഒരു വർഷം കഴിഞ്ഞു നിശ്ചിത ഫീസ് നൽകി അംഗത്വം പുതുക്കാവുന്നതാണ്. ഒരാള്‍ക്ക് പരമാവധി ഒരു അംഗത്വം മാത്രമേ സാധുവാകുകയുള്ളൂ.മുൻവർഷ 2020 തുടർച്ചയില്ലാതെ പുതുതായി 2021 ൽ ചേരുന്ന അംഗങ്ങൾ പുതിയ വർഷം 2021 മാര്‍ച്ച് ഒന്നുമുതൽ മാത്രമാണ് ആനുകൂല്യങ്ങൾക്ക് ( മരണാനന്തര / ചികിത്സ / പെൻഷൻ) അർഹരാവുക. സുരക്ഷാ പദ്ധതിയിലും പെൻഷൻ പദ്ധതിയിലും ഇത് ബാധകമാണ്. 𝟸𝟶𝟷𝟻-𝟸𝟶𝟸𝟶 ഏതെങ്കിലും 𝟹 വർഷങ്ങളിൽ ഈ പദ്ധതിയിൽ അംഗമായി നാട്ടിൽ പോയ പ്രവാസികൾക്ക് നാട്ടിൽ നിന്നും 1,200 രൂപ നൽകി പദ്ധതിയിൽ അംഗമാകാവുന്നതാണ്. അങ്ങിനെയുള്ളവര്‍ ഇഖാമ നമ്പര്‍ നല്കി 𝟹 വര്‍ഷ അംഗത്വം ഉറപ്പാക്കി കമ്മിറ്റിയുടെ നാട്ടിലെ അക്കൌണ്ടില്‍ പണമടച്ച രസീത് സഹിതം ഓൺലൈൻ വഴി സെൻട്രൽ കമ്മിറ്റി നിയോഗിക്കുന്ന കോർഡിനറ്റർമാർ മുഖാന്തിരം അംഗത്വ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. മുൻ പ്രവാസികളുടെ പ്രീമിയം തുക പൂർണമായും പെൻഷൻ ഫണ്ടിലേക്ക് മാത്രമാണ് അവർ പെൻഷന് അർഹരാവുന്നതോടെ മരണാനന്തര/ ചികിത്സാ ആനുകൂല്യത്തിന് അർഹരല്ല. സദുദ്ദേശപരമല്ലാതെ പദ്ധതി ആനുകൂല്യം കൈപ്പറ്റുക എന്ന ലക്ഷ്യത്തോടെ ഗുരുതര രോഗങ്ങൾക്ക് വിധേയരാവരെയോ 2021 ജനുവരി ഒന്നിന് മുമ്പ് പ്രവാസം നിർത്തി നാട്ടിൽ നിന്നും അംഗത്വം തുടരാൻ അർഹരല്ലാത്തവരെയോ അംഗമാക്കാതിരിക്കുക. അങ്ങിനെ അംഗമാക്കിയതായി കമ്മിറ്റിക്ക് ബോധ്യപ്പെടുന്ന പക്ഷം ആനുകൂല്യങ്ങൾ നിരസിക്കാൻ കമ്മിറ്റിക്ക് പൂർണ അധികാരമുണ്ടായിരിക്കും. എന്നാൽ തുടർച്ചയായി അംഗമാവുന്നവർക്ക് അംഗത്വം കാലാവധി അവസാനിക്കുന്നതിനുമുമ്പായി പുതുക്കാവുന്നതാണ്. വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളുടെ അംഗത്വം സ്വീകരിക്കുന്നതിനും ഏത് സമയവും നിരാകരിക്കുന്നതിനുമുള്ള പൂര്‍ണ്ണാധികാരം കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും.

പദ്ധതി ആനുകൂല്യങ്ങളും അർഹതയും :
പ്രവാസി പെൻഷൻ പദ്ധതി

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി കഴിഞ്ഞ 11 വർഷമായി നടന്നു വരുന്ന കാരുണ്യ ഹസ്‌തം സുരക്ഷാ പദ്ധതിയോടൊപ്പം 2021 മുതൽ "പ്രവാസി പെൻഷൻ പദ്ധതി" നടപ്പാക്കാൻ തീരുമാനിച്ചതനുസരിച്ചു, 2015-2020 കാലയളവിൽ ഏതെങ്കിലും 5 വര്ഷം പദ്ധതിയിൽ അംഗമായി പ്രവാസം നിർത്തി നാട്ടിൽ പോയവർക്ക് 60 വയസ്സ് പൂർത്തിയാകുന്നതോടെ 2021 വർഷം മുതൽ 1000 രൂപ മാസാന്തം പെൻഷനായി നൽകുന്നതാണ്. പെൻഷന് അർഹരായവർ 2021 മുതൽ തുടർന്നുള്ള വർഷങ്ങളിൽ അംഗത്വം പുതുക്കേണ്ടതാണ്. അതേപോലെ 2021 മുതൽ തുടർച്ചയായി 3 വർഷം അംഗമായി (2023 ഉൾപ്പെടെ) പ്രവാസം നിർത്തി നാട്ടിൽ പോകുന്നവർ 60 വയസ് പൂർത്തിയായാകുന്നതോടെ മാസാന്തം 1000 രൂപ പെൻഷന് അർഹരാണ് . പെൻഷന് അർഹരായവർ തുടർന്നുള്ള വർഷങ്ങളിൽ നാട്ടിൽ നിന്നും അംഗത്വം തുടർന്നും പുതുക്കേണ്ടതാണ്. വർഷാ വർഷം അംഗത്വം പുതുക്കാത്തവരുടെ പെൻഷൻ അർഹത സ്വമേധയാ ഇല്ലാതാവുന്നതാണ്. 2015 -2020 കാലയളവിൽ ഏതെങ്കിലും 3 വർഷം ഈ പദ്ധതിയിൽ അംഗമായി പ്രവാസം മതിയാക്കി നാട്ടിൽ പോയവർക്ക് നാട്ടിൽ നിന്നും പദ്ധതിയിൽ അംഗത്വമെടുക്കാമെങ്കിലും അവർ 60 വയസ് പൂർത്തിയായാലും പെൻഷൻ ആനുകൂല്യത്തിന് അർഹരാവുന്നത് തുടർന്നുള്ള വർഷങ്ങളിൽ തുടർച്ചയായി നാട്ടിൽ നിന്നും അംഗത്വം പുതുക്കി അഞ്ചു വർഷം പൂർത്തിയാകുന്ന മുറക്കായിരിക്കും. പെൻഷൻ ആനുകൂല്യം നില നിർത്തുന്നതിനു തുടർന്നുള്ള വർഷങ്ങളിൽ അവർ അംഗത്വം പുതുക്കുകയും വേണം. പെന്ഷന് അർഹരായവർ സ്വമേധയാ മരണാന്തര / ചികിത്സാ സുരക്ഷാ പദ്ധതിയിൽ നിന്നും പെൻഷൻ പദ്ധതിയിലേക്ക് മാറുന്നതും അവർ പെൻഷനല്ലാത്ത മരണാന്തര/ചികിത്സാ മറ്റു യാതൊരു വിധ ആനുകൂല്യങ്ങൾക്കും അർഹരായിരിക്കുകയില്ല. സാധുവായ അംഗത്വം നില നിൽക്കെ ഇടക്ക് വെച്ച് പെന്ഷന് അർഹരായവർ പ്രസ്‌തുത വർഷത്തെ അംഗത്വ കാലാവധി തീരും വരെ മരണാന്തര / ചികിത്സ ആനുകൂല്യങ്ങൾക്ക് മാത്രമേ അര്ഹരായിരിക്കുകയുള്ളൂ; തൊട്ടടുത്ത വർഷം അംഗത്വം പുതുക്കുന്നതോടെ സ്വമേധയാ പെൻഷൻ പദ്ധതിയിലേക്ക് മാറുന്നതും പ്രസ്‌തുത വർഷം മുതൽ അവർക്ക് പെൻഷൻ ലഭിക്കുന്നതും, മരണാനന്തര/ചികിത്സാ ആനുകൂല്യങ്ങൾക്ക് അർഹരായിരിക്കുകയുമില്ല. നാട്ടിൽ നിന്നും അംഗത്വമെടുക്കാൻ അർഹരായവർ മുൻ വർഷ (2020) തുടർച്ചയില്ലാതെ 2021 ൽ പദ്ധതിയിൽ അംഗമാവുമ്പോൾ പെൻഷനുൾപ്പടെയുള്ള എല്ലാ വിധ ആനുകൂല്യങ്ങൾക്കും അർഹരാവുക മാർച്ചു ഒന്ന് മുതൽ മാത്രമായിരിക്കും. പ്രവാസികൾക്ക് കുടുംബിനികളെ അംഗമാക്കാമെങ്കിലും പ്രവാസികൾ അവരുടെ ഇക്കാമ നമ്പറിൽ അംഗമാകുന്ന കുടുംബിനികൾ പെൻഷൻ അർഹരല്ല.


മരണാനന്തര ആനുകൂല്യം:

മുൻ വർഷ തുടർച്ചയില്ലാതെ പുതുതായി (2021ൽ) ചേരുന്നവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം ഇന്ത്യൻ രൂപ. തുടർച്ചയായി രണ്ടും (2021 & 2020 ) മൂന്നും (2021,2020 & 2019) വർഷം മൂന്ന് ലക്ഷം രൂപ, തുടർച്ചയായി മൂന്നിൽ കൂടുതൽ വർഷങ്ങൾ (2018 മുതൽ ) അംഗമായവരുടെ ആശ്രിതർക്ക് 5 ലക്ഷവും നൽകുന്നതാണ്. പരമാവധി മരണാനന്തര ആനുകൂല്യം 5 ലക്ഷം രൂപ മാത്രമായിരിക്കും. ഫോമിൽ നിർദേശിച്ച നോമിനികൾക്കായിരിക്കും സഹായം നൽകുക, അതല്ലെങ്കില്‍ നാട്ടിലെ പ്രാദേശിക മുസ്ലിം ലീഗ് / മഹല്ല് കമ്മിറ്റികളുമായി കൂടിയാലോചിച്ചു തീരുമാനിക്കുന്നതാണ് . ചികിത്സാ സഹായം ലഭ്യമായവർക്ക് പ്രസ്‌തുത തുക കുറച്ചു മാത്രമേ മരണാനന്തര ആനുകൂല്യം നൽകൂ. പെൻഷൻ വാങ്ങിക്കുന്ന അംഗം മരണാനന്തര ആനുകൂല്യത്തിന് അർഹനല്ല. അംഗത്വം സാധുവായ കാലയളവിൽ എവിടെ വെച്ച് മരണം സംഭവിച്ചാലും സഹായത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്. ഒരു കാരണവശാലും ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല .


ചികിത്സാ ആനുകൂല്യം :

അംഗത്വം സാധുവായ കാലയളവിൽ കാൻസർ, സ്ട്രോക്ക്, ഹൃദയ, വൃക്ക, സംബന്ധിയായ മാരക രോഗങ്ങൾ , ജോലി ചെയ്ത ജീവിക്കാൻ സാധിക്കാതെ വരുന്ന അപകടങ്ങൾ എന്നിവ ചികിത്സാ സഹായത്തിന് പരിഗണിക്കുന്നതാണ്. പ്രധാനമായും മുന്‍ വര്‍ഷങ്ങളില്‍ പദ്ധതിയിലെ അംഗത്വം, മെഡിക്കൽ ഡിസ്‌ചാർജ് ഫൈനല്‍ പേയ്മെന്റ് ബിൽ, ഡിസ്‌ചാർജ് സമ്മറി, വിധേയനായ രോഗം, ലഭ്യമായ ചികില്‍സയുടെ രീതി സൗജന്യമാണോ പേയ്‌മെന്റ് ആണോ, തുടങ്ങിയവ സൂക്ഷ്‌മമായി പരിശോധിച്ചും അനേഷിച്ചും കമ്മിറ്റിക്ക് ഉചിതമെന്ന് ബോധ്യപ്പെടുന്ന സംഖ്യയായിരിക്കും ചികിത്സാ സഹായമായി അനുവദിക്കുക, പ്രസ്‌തുത തീരുമാനം അന്തിമവും ചോദ്യം ചെയ്യപെടാവുന്നതുമല്ല. പരമാവധി ചികിത്സാ സഹായം 𝟻𝟶,𝟶𝟶𝟶 രൂപയായിരിക്കും. ഒരേ രോഗത്തിന് എത്ര വർഷം അംഗമായിരുന്നാലും ഒരു പ്രാവശ്യം മാത്രമേ പദ്ധതിയിൽ നിന്ന് ചികിത്സാ സഹായം അനുവദിക്കകയുള്ളൂ. പെൻഷൻ വാങ്ങിക്കുന്ന അംഗം ചികിത്സാ ആനുകൂല്യങ്ങൾക്ക് അർഹനല്ല.


ഫൈനൽ എക്സിറ്റ് ടിക്കറ്റ് ആനുകൂല്യം :

𝟸𝟶𝟷𝟻 വര്ഷം മുതൽ 𝟸𝟶𝟸𝟷 ഉൾപ്പെടെ 𝟽 വർഷങ്ങളിൽ ഈ പദ്ധതിയിൽ തുടർച്ചയായി അംഗമായി 𝟸𝟶𝟸𝟷 പദ്ധതി കാലയളവിൽ (𝟶𝟷/𝟶𝟷/𝟸𝟶𝟸𝟷 മുതൽ) ഫൈനൽ എക്സിറ്റിൽ പോവുന്നവർക്ക് ടിക്കറ്റ് സഹായകമായി 10,000 രൂപയുടെ ആനുകൂല്യം നൽകുന്നതാണ് . ഫൈനൽ എക്സിറ്റ് വിസയുടെ കോപ്പി സഹിതം കമ്മിറ്റിക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫൈനൽ എക്സിറ്റിൽ പോവുന്ന വർഷം ചികിത്സാ ആനുകൂല്യം ലഭിച്ചവരും, എക്സിറ്റിൽ പോവുന്ന സമയത്ത് പദ്ധതി നിഷ്‌കർഷിക്കുന്ന 60 വയസു പൂർത്തിയായി നാട്ടിൽ എത്തിയ അതേ വർഷം മുതൽ പെന്ഷന് അർഹരാവുന്നവരും ഈ ആനുകൂല്യത്തിന് അര്ഹരായിരിക്കുകയില്ല.


അനുബന്ധ നിബന്ധനകളൂം വ്യവസ്ഥകളും

2021 ആദ്യമായി പദ്ധതിയില്‍ ചേരുന്നവരുടെയും, 2020 തുടർച്ചയില്ലാതെ ഇടവിട്ട്‌ പദ്ധതിയില്‍ ചേരുന്നവരുടേയും അംഗത്വം 2021 മാര്‍ച്ച് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരേയായിരിക്കും, ഈ കാലയളവില്‍ നടക്കുന്ന അത്യാഹിതങ്ങള്‍ മാത്രമേ ആനുകൂല്യങ്ങള്‍ക്കായി പരിഗണിക്കുകയുള്ളൂ.2020 വര്‍ഷം പദ്ധതിയില്‍ അംഗമായവര്‍ക്ക് 2020 ഡിസംബർ 31 നു മുമ്പ് അംഗത്വം പുതുക്കുന്നതോടെ പുതിയ 2021 വര്‍ഷം ജനുവരി 1 മുതൽ 2021 ഡിസംബർ 31 വരെ പദ്ധതി നിഷ്‌കർഷിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. നിലവിലെ 2020 വർഷത്തെ അംഗങ്ങൾ 2020 ഡിസംബർ 31 നു മുമ്പ് പുതുക്കിയില്ലെങ്കിൽ 2021 ജനുവരി 1 മുതൽ സംഭവിക്കുന്ന ഒരു അനുകൂല്യത്തിനും അര്ഹരായിരിക്കുകയില്ല

എല്ലാ വര്‍ഷവും നവംബർ 1 മുതൽ ഡിസംബർ 31 വരേ അംഗത്വം പുതുക്കുന്നതിന്നും പുതിയ മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതിന്നുമുള്ള പ്രചാരണ കാലാവധിയായിരിക്കും. ഈ കാലയളവില്‍ അവധിക്ക് നാട്ടില്‍ പോകുന്ന നിലവിലെ വർഷത്തെ അംഗങ്ങള്‍ സുഹൃത്തുക്കള്‍ മുഖേനെയോ ഓണ്‍ലൈനായോ മെമ്പര്‍ഷിപ്പ് പുതുക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ കൈകൊള്ളേണ്ടതാണ്. അതേസമയം 2015 മുതൽ ഏതെങ്കിലും 3 വര്ഷം അംഗത്വമില്ലാതെ 2021 ജനുവരി 1 നു മുമ്പ് ഫൈനൽ എക്സിറ്റിലോ അവധിക്കോ പോയി തിരിച്ചു വരാത്തവരെയോ, 2020 ൽ അംഗത്വമില്ലാതെ ഏതെങ്കിലും രോഗത്തിന് ചികിത്സക്കായി നാട്ടിൽ പോയവരെയോ വിസാ കാലാവധി അവസാനിച്ചവരേയോ ആരെങ്കിലും എഴുതി ചേർത്താൽ, ആ അംഗത്വം തിരിച്ചറിയുന്ന സമയത്ത് റദ്ദാക്കാൻ കമ്മറ്റിക്ക് അധികാരമുണ്ടായിരിക്കും. വാലിഡ്‌ വിസയില്ലാതെ നാട്ടില്‍ കഴിയുന്ന മുന്‍ പ്രവാസികള്‍ നാട്ടിൽ നിന്നും അംഗമാവാനുള്ള 3 വർഷ പ്രവാസി അംഗത്വ മില്ലാതെ ആരെങ്കിലും മുഖേനെ പദ്ധതി അംഗത്വം നേടിയാല്‍ ഒരു ആനുകൂല്യത്തിനും അര്‍ഹതയുണ്ടായിരിക്കുന്നതല്ല. 2020 ഡിസംബർ 31 നു ശേഷം ലഭിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. 2021 വര്ഷം പുതുതായി ചേരുന്നവർ അവരുടെ പദ്ധതി ആക്റ്റീവ് ആവുന്ന മാർച്ച് 1 നു മുമ്പ് നാട്ടിൽ പോയി തിരിച്ചു വന്നില്ലെങ്കിൽ അംഗത്വം നഷ്ടപ്പെടുന്നതാണ്, പദ്ധതിയിൽ പേരുള്ളത് കൊണ്ട് മാത്രം അങ്ങനെയുള്ളവർ യാതൊരു ആനുകൂല്യങ്ങൾക്കും അർഹരായിരിക്കില്ല.

സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടുന്നവര്‍ക്ക് അംഗത്വ കാര്‍ഡുകളോ കൂപ്പണുകളോ കമ്മറ്റി വിതരണം ചെയ്യുന്നതല്ല. അംഗത്വ നടപടികള്‍ പൂര്‍ത്തീകരിച്ച് തുല്യമായ പദ്ധതി വിഹിതവും കൈപറ്റി കഴിഞ്ഞാല്‍ ഓരോ അംഗത്തിനും അംഗത്വം സ്ഥിരീകരിച്ചതായി SMS അല്ലെങ്കിൽ വാട്ട്ആപ് സന്ദേശം അയക്കുന്നതാണ്. സ്വന്തം ഇഖാമ നമ്പര്‍ ഉപയോഗിച്ച് കമ്മറ്റിയുടെ വെബ്സൈറ്റില്‍ നിന്നും അംഗത്വം പരിശോധിക്കാവുന്നതും, കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതുമാണ്. ഈ കാർഡ് അംഗത്വ രേഖയായി പരിഗണിക്കുന്നതാണങ്കിലും ആനുകൂല്യങ്ങൾക്ക് നിയമാവലിയിൽ പറയുന്ന കാര്യങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ പരിഗണിക്കുകയുള്ളൂ .

അപേക്ഷാ ഫോറത്തില്‍ മരണപ്പെട്ട വ്യക്തി അവകാശിയായി എഴുതിയ ആള്‍ക്ക് മാത്രമേ സഹായം കൈമാറൂ. ഏതെങ്കിലും കാരണവശാല്‍ അവകാശികളുടെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളോ പരാതിയോ ഉണ്ടായാല്‍ ബന്ധപ്പെട്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി , മഹല്ല് കമ്മിറ്റി എന്നിവരുമായി കൂടിയാലോചിച്ചു ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി എടുക്കുന്ന തീരുമാനം അന്തിമവും ഏതെങ്കിലും നിലക്ക് ചോദ്യം ചെയ്യാന്‍ കഴിയാത്തതുമായിരിക്കും. ഏതെങ്കിലും ഘട്ടത്തില്‍ അലംഘനീയമായ വിധി കാരണം മരണസംഖ്യ കൂടുകയും ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് കമ്മറ്റിക്ക് സാമ്പത്തിക ബാധ്യത വരികയും ചെയ്യുന്ന പക്ഷം പദ്ധതി മെമ്പര്‍മാരില്‍ നിന്നും കമ്മിറ്റി തീരുമാനിക്കുന്ന ചെറിയ തുക സഹായം തേടുന്നതും, ഇതുമായി മുഴുവന്‍ മെമ്പര്‍മാരും നിര്‍ബന്ധമായും സഹകരിക്കേണ്ടതുമാണ്. പ്രസ്തുത വിഹിതം നൽകാതെ നിസ്സഹരിക്കുന്നവരെ അംഗത്വം പുതുക്കുന്നത്തിന് അനുവദിക്കുന്നതല്ല.

ആദ്യമായി പദ്ധതിയിൽ ചേരുന്ന വ്യക്തിക്ക് ഏതെങ്കിലും ഒരു കെ.എം.സി.സി കോ ഓർഡിനേറ്റർ നേരിൽ കണ്ട് ബോധ്യപ്പെട്ട് മാത്രമേ പദ്ധതിയിൽ അംഗമാകാൻ പറ്റൂ. കഴിഞ്ഞ 2020 വർഷം പദ്ധതിയിൽ ചേരാത്ത ഒരു വ്യക്തിയെ അയാൾ നാട്ടിൽ പോയ ശേഷം മറ്റാരെങ്കിലും പേരെഴുതിയിട്ട് അംഗമാക്കിയാൽ പദ്ധതിയിൽ നിന്നും ഒരാനുകൂല്യവും നൽകുന്നതല്ല. ആദ്യമായി പദ്ധതിയിൽ ചേരുന്ന വ്യക്തി നിർബന്ധമായും ചേരുന്ന സമയത്ത് സൗദി അറേബ്യയിൽ ഹാജരുണ്ടായിരിക്കണം. നാട്ടില്‍ പോയി തിരിച്ച് വരാനാവാതെ വിസാ കാലാവധി അവസാനിച്ച ആളുകളുടെ അംഗത്വം അവർ മുൻ വർഷങ്ങളിൽ 3 വർഷം അംഗമല്ലാതെ ആരെങ്കിലും സൗദി അറേബ്യയില്‍ വെച്ച് പുതുക്കിയാല്‍, യാതൊരു ആനുകൂല്യത്തിനും ആ അംഗം അര്‍ഹനായിരിക്കുന്നതല്ല.

സദുദ്ദേശപരമല്ലാതെ പദ്ധതി ആനുകൂല്യങ്ങള്‍ കൈവശപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗുരുതര രോഗങ്ങള്‍ക്ക് വിധേയരായവരേയോ മരണാസന്നരായവരേയോ ചികിത്സ നടന്ന് കൊണ്ടിരിക്കുന്നവരെയോ മെമ്പര്‍മാരാക്കിയതായി ബോധ്യപ്പെടുന്ന പക്ഷം, പദ്ധതിയുടെ ധാര്‍മ്മികത മുന്‍നിര്‍ത്തി ചികിത്സാ സഹായമോ മരണാനന്തര ആനുകൂല്യമോ നല്‍കാതെ ഏത് സമയവും അപേക്ഷ റദ്ദാക്കുവാന്‍ കമ്മിറ്റിക്ക് പൂര്‍ണ്ണ അധികാരമുണ്ടായിരിക്കും.

അപേക്ഷാ ഫോമിലെ കൂപ്പൺ കയ്യിലുണ്ടെന്നതുകൊണ്ട് മാത്രം അംഗമായി പരിഗണിക്കയില്ല. എന്നാൽ അപേക്ഷയും സംഭാവനയും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റയിൽ നൽകി നടപടികൾ പൂർത്തീകരച്ച് അദ്ദേഹത്തിന്റെ പേര് വിവരങ്ങൾ സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സ്റ്റാറ്റസ് ''ആക്റ്റീവ്'' ആയ ശേഷം മാത്രമേ അംഗമായി പരിഗണിക്കുകയുള്ളൂ. കീഴ് ഘടകങ്ങൾ അപേക്ഷാ ഫോറങ്ങൾ വാങ്ങി വെക്കുകയോ ഓൺലൈൻ ചേർത്തുകയോ ചെയ്‌ത ശേഷം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റയിൽ നടപടികൾ പൂർത്തിയാക്കാതെയും സംഭാവനാ വിഹിതം നൽകാതെയും വൈകിപ്പിച്ചാൽ. എന്തെങ്കിലും തരത്തിലുള്ള അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ അവരുടെ പക്കൽ നിന്നും കൂപ്പൺ കണ്ടെടുത്തു എന്നത് കൊണ്ടോ, അല്ലെങ്കിൽ കീഴ്ഘടകങ്ങളെ അപേക്ഷ ഏൽപിചോരുന്നുവെന്നതുകൊണ്ടോ, വെബ്‌സൈറ്റിൽ റെജിസ്റ്റർ ചെയ്‌തത്‌ കൊണ്ടോ സെൻട്രൽ കമ്മിറ്റി ഉത്തരവാദിയായിരിക്കുന്നതല്ല അവർ ആനുകൂല്യങ്ങൾക്ക് അർഹരായിരിക്കയുമില്ല.

പദ്ധതിയുടെ ഓൺലൈനിലുള്ള പി.ഡി.എഫ് ഫോറം അല്ലെങ്കിൽ അപേക്ഷാ ഫോമിന്റെ ഫോട്ടോകോപ്പി പൂരിപ്പിച്ച് പദ്ധതിയിൽ ചേരുന്നവർ, പ്രസ്തുത ഫോറത്തിൽ അതാത് കീഴ് ഘടകങ്ങളുടെ ഉത്തരവാദിത്വപ്പെട്ട ഭാരവാഹികളുടെ ഒപ്പ് രേഖപെടുത്തിയിട്ടുണ്ടെന്നു ഉറപ്പ് വരുത്തുക.


അനുബന്ധ വ്യവസ്ഥകളും ആനുകൂല്യങ്ങൾ ലഭിക്കാൻ വേണ്ട രേഖകളും

പദ്ധതി ക്യാമ്പയിൻ കഴിയുന്നതോടെ www.kmccjeddah.org / www.kmcconline.info എന്നീ വെബ്സൈറ്റിൽ ഇഖാമ നമ്പർ നൽകി ഓരോരുത്തരും അംഗത്വം ഉറപ്പ് വരുത്തേണ്ടതാണ്

പദ്ധതിയിൽ നിന്നും ആനുകൂല്യത്തിനായുള്ള മാനദണ്ഡം, നിയമപരമായി പദ്ധതി അംഗമാവുക, തുടർച്ചയായ അംഗമാവുക, നിയമാവലിയിൽ വ്യക്തമാക്കിയ പ്രകാരം മരണം, പെൻഷന് അർഹരാവുക, നിയമാവലിയിൽ വ്യക്തമാക്കിയ പ്രകാരമുള്ള രോഗങ്ങൾക്ക് ചികിത്സ നടക്കുക എന്നിവ മാത്രമായിരിക്കും. സാമൂഹിക-സാമ്പത്തിക പരാധീന ചുറ്റുപാടുകളോ സംഘടനാ സ്ഥാനങ്ങളോ ഒരു നിലക്കും ആനുകൂല്യത്തിനുള്ള മാനദണ്ഡമായി പരിഗണിക്കുകയില്ല. കാരണം ഇത് കൃത്യമായ നിയമാവലിയുള്ള ഒരു പരസ്പ്പര സഹായ പദ്ധതിയാണ്.

പദ്ധതിയില്‍ അംഗമായ ഒരാള്‍ക്ക് സ്വദേശത്തോ വിദേശത്തോ വെച്ച് പദ്ധതി അംഗത്വം സാധുവായ കാലാവധിക്കിടയില്‍ മരണം സംഭവിച്ചാല്‍ അദ്ദേഹം അപേക്ഷാഫോറത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അവകാശികളോ ബന്ധപ്പെട്ട കീഴ് ഘടകങ്ങളോ മരണ സർട്ടിഫിക്കറ്റ്, മരണ കാരണം കാണിക്കുന്ന ആശുപത്രി റിപ്പോർട്ട്, രോഗിയായി ആശുപത്രിയിൽ വെച്ചാണ് മരിച്ചതെങ്കിൽ ആശുപത്രിയിലെ രോഗ വിവരങ്ങൾ കാണിക്കുന്ന രേഖകൾ, ഇക്കാമ , പാസ്പോര്ട്ട് ഫസ്റ്റ് + ലാസ്റ്റ് പേജ് + സൗദിയിൽ നിന്നും നാട്ടിലേക്ക് അവസാനമായി പോയ തിയ്യതി (DEPARTURE DATE ) നാട്ടിലെത്തിയ തിയ്യതി (ARRIVAL DATE) എന്നിവ കാണിക്കുന്ന എമിഗ്രേഷൻ സ്റ്റാമ്പ് പതിച്ച പാസ്പോർട്ട് പേജുകൾ അവസാനമായി നാട്ടിലേക്ക് പോയ റീ-എൻട്രി / ഫൈനൽ എക്സിറ്റ് വിസ കോപ്പി എന്നിവയുടെ കോപ്പികൾ മറ്റു കമ്മിറ്റി ആവശ്യപ്പെടുന്ന രേഖകൾ സഹിതം ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് അപേക്ഷ നല്‍കണം. ഏതെങ്കിലും കാരണവശാല്‍ അപേക്ഷ പരിഗണിക്കുന്ന സമയത്ത് നോമിനികൾ ജീവിച്ചിരിപ്പില്ലെങ്കിൽ ആനുകൂല്യം നൽകുന്നത് സംബന്ധിച്ചു മരണപ്പെട്ട അംഗത്തിന്റെ പഞ്ചായത്തിലെ ലീഗ് കമ്മിറ്റി/ മഹല്ല് കമ്മിറ്റിയുമായി കൂടിയാലോചിച്ചു ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റ് എടുക്കുന്ന തീരുമാനം അന്തിമവും ഒരു കാരണവശാലും ചോദ്യം ചെയ്യപ്പെടവുന്നതുമല്ല . ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. പെൻഷൻ വാങ്ങിക്കുന്ന അംഗങ്ങൾ മരണാനന്തര സഹായത്തിനു അർഹരല്ല.

പദ്ധതി കാലാവധി സമയത്ത് ഒരു അംഗത്തിന് പുതുതായി കാന്‍സര്‍, സ്ട്രോക്ക്, കിഡ്നി രോഗങ്ങള്‍ കണ്ടെത്തുക. ഹൃദയ സംബന്ധമായ രോഗത്തിന് സര്‍ജറി നടത്തുക, ജോലി ചെയ്ത് ജീവിക്കുവാന്‍ സാധിക്കാത്ത രൂപത്തില്‍ അപകടങ്ങള്‍ സംഭവിക്കുക എന്നീ ഘട്ടങ്ങളില്‍ ആവശ്യമായ രേഖകള്‍ സഹിതം ആശുപത്രി ഡിസ്‌ചാർജ് സമ്മറി, ഡിസ്‌ചാർജ് പേയ്മെന്റ് ബിൽ, ഇഖാമ , പാസ്പോര്ട്ട് ഫസ്റ്റ് + ലാസ്റ്റ് പേജ് + സൗദിയിൽ നിന്നും നാട്ടിലേക്ക് അവസാനമായി പോയ തിയ്യതി (DEPARTURE DATE) നാട്ടിലെത്തിയ തിയ്യതി (ARRIVAL DATE) എന്നിവ കാണിക്കുന്ന എമിഗ്രേഷൻ സ്റ്റാമ്പ് പതിച്ച പാസ്പോർട്ട് പേജുകൾ, അവസാനമായി നാട്ടിലേക്ക് പോയ റീ-എൻട്രി / ഫൈനൽ എക്സിറ്റ് വിസ കോപ്പി, മറ്റു കമ്മിറ്റി ആവശ്യപ്പെടുന്ന രേഖകൾ സഹിതം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിക്ക് അപേക്ഷ നല്‍കേണ്ടതാണ്. ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് ഉറപ്പ് വരുത്താൻ കമ്മിറ്റി ആവശ്യപ്പെടുന്ന മുഴുവൻ രേഖകളും ഹാജരാക്കേണ്ടതാണ്. സമർപ്പിച്ച രേഖകൾ അനുസരിച്ചു സൂക്ഷ്‌മമായി പരിശോധിച്ചു വേണ്ട അനേഷണങ്ങൾ നടത്തി എല്ലാ സാഹചര്യങ്ങളും പരിഗണിച്ച ശേഷം ഉചിതമെന്ന് ബോധ്യപ്പെടുന്ന സംഖ്യ ചികിത്സാ ആനുകൂല്യമായി നല്‍കുന്നതാണ്. മാക്സിമം ചികിത്സാ സഹായം 50,000 രൂപയായിരിക്കും. തുടര്‍ച്ചയായി പദ്ധതിയിലെ അംഗത്വം, രോഗത്തിന്റെ ഗുരുതരാവസ്ഥ, ചികിത്സ ലഭിച്ച രീതി സൗജന്യമാണോ പേയ്‌മെന്റ് ആണോ, രോഗത്തിന് ചിലവായ തുക എന്നതെല്ലാം ആനുകൂല്യത്തിന് പരിഗണിക്കുന്നതിൽ മാനദണ്ഡമായിരിക്കും. ഇക്കാര്യത്തില്‍ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. പദ്ധതി അംഗമാവുന്നതിന് മുന്‍പ് മേല്‍പ്പറഞ്ഞ രോഗങ്ങള്‍ കണ്ടെത്തുകയോ ചികിത്സ തേടിക്കൊണ്ടിരിക്കുകയോ ചെയ്യുന്നവര്‍ക്ക് പദ്ധതിയില്‍ നിന്നും ചികിത്സാ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല, എത്ര വർഷം അംഗമാണെങ്കിലും ഒരേ രോഗത്തിന് ഒന്നിലധികം തവണ പദ്ധതിയില്‍ നിന്നും ആനുകൂല്യം നല്‍കുന്നതല്ല, ചികിത്സാ സഹായം കൈപറ്റിയ അംഗം പദ്ധതി അംഗമായിരിക്കെ മരണപ്പെടുകയാണെങ്കില്‍ പ്രസ്തുത വിഹിതം കഴിച്ചുള്ള സംഖ്യ മാത്രമേ ആനുകൂല്യമായി നല്‍കുകയുള്ളൂ. പെൻഷൻ വാങ്ങിക്കുന്ന അംഗങ്ങൾ യാതൊരു വിധ ചികിത്സാ സഹായത്തിനും അർഹരല്ല.

മരുഭൂമിയിൽ കുടുംബം പോറ്റാൻ പാടുപെടുന്നതിനിടയിൽ അവിചാരിതമായി മരണപ്പെടുന്ന പ്രവാസി സഹോദരങ്ങളുടെ അനാഥമായിപോകുന്ന കുടുംബത്തിന് ഒരു സംരക്ഷണം, നിയമാവലിയിൽ പരാമർശിച്ച മാരക രോഗങ്ങൾക്ക് വിധേയരാവുന്ന പ്രവാസികൾക്കും, പദ്ധതിയിൽ അംഗമായി നാട്ടിൽ ആരാരും ഉറ്റു നോക്കാതെ ഒറ്റപ്പെടുന്ന മുൻ പ്രവാസികൾക്ക് ഒരു ചെറിയ പെൻഷൻ സഹായം നൽകി കൂടെ നിൽക്കുക എന്ന ഉദ്ദേശത്തോടെ കൃത്യമായ വ്യവസ്ഥകളോടെ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തുന്ന ഒരു ജീവ കാരുണ്യ സഹായപദ്ധതിയാണിത്. ഇതൊരു ഇൻഷുറൻസ് പരിരക്ഷയല്ല തങ്ങളുടെ ചികിത്സാ ചിലവുകള്‍ മുഴുവന്‍ ലഭിക്കുമെന്ന ധാരണയിൽ ഇതിൽ അംഗങ്ങളാവരുത്. തനിക്ക് ലഭിക്കാനല്ല; മറിച്ചു അള്ളാഹുവിന്റെ അലംഘനീയ വിധിക്ക് വിധേയരാവുന്ന കൂടെ ജോലി ചെയ്യുന്ന പ്രവാസി സുഹൃത്തിന്റെ വേദനയിൽ പങ്കാളിയാവുന്നതിന് ഒരു സംഭാവന നൽകുന്നു എന്ന സദുദ്ദേശത്തോടെ മാത്രമേ ഈ പദ്ധതിയിൽ അംഗകാവൂ. ലക്ഷങ്ങള്‍ ചിലവഴിച്ച് നടത്തുന്ന അംഗങ്ങളുടെ ചികിത്സക്ക് വളരെ ചെറിയ തുക മാത്രമേ ഈ പദ്ധതിയില്‍ നിന്നും അനുവദിച്ച് നല്‍കാന്‍ കഴിയുകയുള്ളൂ. ഇതൊരു നിര്‍ബന്ധിത പദ്ധതിയല്ല എന്നതിനാല്‍ ഇത്തരം നിബന്ധനകള്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നവര്‍ മാത്രമേ ഈ പദ്ധതിയില്‍ ഭാഗവാക്കാകേണ്ടതുള്ളു.

കെ.എം.സി.സി ജിദ്ദ കാരുണ്യ ഹസ്‌തം കുടുംബ സുരക്ഷാ പദ്ധതിയുടെ കാലാവധി ഒരു വർഷത്തേക്ക് മാത്രമാണ് . പ്രസ്‌തുത വർഷം അവസാനിച്ചു കഴിഞ്ഞാൽ ആ പദ്ധതി തന്നെ അവസാനിക്കുകയാണ്. കാലാവധി കഴിഞ്ഞ ഏതെങ്കിലും വർഷം പദ്ധതിയിൽ അംഗമായിരുന്നു എന്ന് തെളിയിച്ച് കൊണ്ട്, പദ്ധതി കാലാവധി അവസാനിച്ച ശേഷം ലഭിക്കുന്ന ഒരപേക്ഷയും പരിഗണിക്കപ്പെടുന്നതല്ല. നിയമപരമായി അത്തരം അപേക്ഷകൾ നിലനിക്കുന്നതും ആയിരിക്കുകയില്ല.


അന്തിമ തീര്‍പ്പ് കല്‍പ്പിക്കല്‍ :

അംഗത്വം അംഗീകരിക്കല്‍, ആനുകൂല്യം അനുവദിക്കല്‍, വ്യക്തമായി ബോധ്യപ്പെട്ട കാരണങ്ങളാൽ അംഗത്വവും ആനുകൂല്യവും റദ്ദാക്കല്‍ തുടങ്ങി പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റിയില്‍ നിക്ഷിപ്തമാണ്. കമ്മിറ്റിയുടെ തീരുമാനം ചോദ്യം ചെയ്യപെടാവുന്നതല്ല. സ്ഥല പരിമിതി മൂലം നിയമാവലിയുടെ സംക്ഷിപ്‌ത രൂപമാണ് അപേക്ഷാ ഫോമിൽ കൊടുത്തിട്ടുള്ളത് വിശദമായ നിയമാവലി www.kmccjeddah.org / www.kmcconline.info ലഭ്യമാണ്.

പതിനായിരക്കണക്കിന് വരുന്ന അംഗങ്ങൾ തങ്ങളുടെ സഹപ്രവാസികളുടെ പ്രയാസങ്ങളിൽ ആശ്വാസമേകാൻ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി കാരുണ്യ ഹസ്‌തം കുടുംബ സുരക്ഷാ & പെൻഷൻ പദ്ധതിയിൽ ഏൽപിച്ച ഫണ്ട് കമ്മിറ്റിയുടെ കീഴിൽ ഒരു അമാനത്താണ് . വ്യവസ്ഥാപിതമായ ചട്ടങ്ങളോടെ പ്രവർത്തിക്കുന്ന പദ്ധതിയിൽ നിന്നും ഒരു രൂപ പോലും അനർഹരുടെ കയ്യിൽ എത്തിപ്പെടരുത് എന്ന നിര്ബന്ധം കമ്മിറ്റിക്ക് ഉള്ളത് കാരണം. പരസ്‌പര വിശ്വാസത്തിന്റെ ബലത്തിൽ മാത്രം നടക്കുന്ന ഈ പദ്ധതിയിൽ നിന്ന് ഏതെങ്കിലും അനുവദനീയമല്ലാത്ത മാർഗത്തിൽ ആനുകൂല്യം നേടിയെടുക്കുക എന്ന വിധേനെ മുൻ വർഷങ്ങളിൽ പദ്ധതിയോട് സഹകരിക്കാത്ത മാരക രോഗികളെയോ അംഗത്വമെടുക്കാൻ അര്ഹതയില്ലാത്തവരെയോ പദ്ധതിയിൽ അംഗമാക്കുന്നതും, വ്യാജ രേഖകളും മറ്റും നിർമിച്ചു ആനുകൂല്യങ്ങൾ നേടുന്നതും ധാർമികതക്ക് നിരക്കാത്തതാണന്നും. അങ്ങിനെ ബോധ്യമാവുന്നപക്ഷം ആനുകൂല്യം അനുവദിക്കുകയില്ല എന്ന് മാത്രമല്ല അങ്ങിനെ ചെയ്യുന്നവരുടെ അംഗത്വം റദ്ദാക്കുകയും തുടർ വർഷങ്ങളിൽ പദ്ധതിയിൽ ചേരുന്നതിൽ നിന്നും അയോഗ്യരാക്കുകയും ചെയ്യുന്നതാണ്.